തിരുവനന്തപുരം: 1400 കോടിയുടെ സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. കിഫ്ബി സഹായത്തോടെയുള്ള സ്കൂൾ കെട്ടിട നിർമ്മാണം ത്വരിതഗതിയിലാക്കുന്നതിന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിവിധ ഏജൻസികളുടെ യോഗം വിളിച്ചു ചേർത്തു. ഒരു കോടി ചെലവുവരുന്ന 446 സ്കൂൾ കെട്ടിടങ്ങളും മൂന്ന് കോടി ചെലവുവരുന്ന 286 സ്കൂൾ കെട്ടിടങ്ങളും അഞ്ചു കോടി ചെലവുവരുന്ന 20 സ്കൂൾ കെട്ടിടങ്ങളും ഇതിൽപെടും.
കിഫ്ബി, കൈറ്റ്, ഇൻകൽ,വാപ്കോസ്, കില തുടങ്ങിയ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും യോഗത്തിൽ പങ്കെടുത്തു. കിഫ്ബി ധനസഹായത്തോടെ സ്കൂളുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കർമപരിപാടി തയ്യാറാക്കും.
കെട്ടിടനിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. എംഎൽഎ മാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തന പുരോഗതി നിരീക്ഷിക്കാനുള്ള നടപടികളുമുണ്ടാകും.