മനാമ: ഡിസംബറിൽ രണ്ട് ബൗദ്ധിക ഉച്ചകോടികൾ സംഘടിപ്പിക്കുമെന്ന് ബഹ്റൈൻ സെൻറർ ഫോർ ഇൻറർനാഷനൽ സ്ട്രാറ്റജിക് സ്റ്റഡീസ് (ദിറാസാത്) ചെയർമാൻ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിലെ ആശയ വിദഗ്ധരുടെ ഉച്ചകോടി, ആഗോള ആശയ വിദഗ്ധരുടെ ഉച്ചകോടി എന്നിവയാണ് ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടക്കുന്നത്. രണ്ട് ഉച്ചകോടികളിലും നയനിർമാതാക്കൾ, ഗവേഷകർ, ആഗോള ആശയ വിദഗ്ധ സ്ഥാപന ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.
സമാധാനനയങ്ങളെ പിന്തുണക്കുന്നതിലും സുസ്ഥിര വികസനത്തിന് സഹായിക്കുന്നതിലും ആശയവിദഗ്ധരുടെ പങ്ക് വലുതാണെന്ന് ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. സുസ്ഥിര വികസനത്തിലും ഇവർ നിർണായക പങ്കുവഹിക്കുന്നു.
ഇതിനൊപ്പം, പൊതുവായ വെല്ലുവിളികൾ നേരിടാൻ വൈദഗ്ധ്യ കൈമാറ്റത്തിെൻറ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ സ്ഥാപനങ്ങൾക്ക് ആഗോളതലത്തിലുള്ള വൈദഗ്ധ്യം പരിചയപ്പെടുത്തുന്നതിനുള്ള ബഹ്റൈെൻറ സന്നദ്ധതയും അദ്ദേഹം വ്യക്തമാക്കി.