മനാമ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. ഹ്യൂമൻ ഡെവലപ്പ് മെന്റിലും സാമൂഹിക പരിപാലനത്തിലും സഹകരണം വർദ്ധിപ്പിക്കുന്നതിനും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപ അവസരങ്ങളും മുൻനിര അനുഭവങ്ങളിൽ നിന്ന് പ്രയോജനം നേടാനുമുള്ള മാർഗങ്ങൾ യോഗം അവലോകനം ചെയ്തു.
അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കനുസൃതമായി വിപുലമായ ദേശീയ തൊഴിൽ നിയമനിർമ്മാണം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ പരിശ്രമങ്ങളെക്കുറിച്ചും തൊഴിൽ ശക്തി സംരക്ഷണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളെക്കുറിച്ചും ഹുമൈദാൻ വിശദീകരിച്ചു. വിവിധ മേഖലകളിൽ ബഹ്റൈൻ കെട്ടിപ്പടുക്കുന്നതിലും മുന്നേറുന്നതിലും ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
വികസനം, ബഹ്റൈൻ വിവിധ മേഖലകളിൽ കാണുന്ന വളർച്ച, മനുഷ്യാവകാശ മേഖലയിൽ ബഹ്റൈനിന്റെ അന്താരാഷ്ട്ര പദവി എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ വി മുരളിധരൻ എടുത്തു പറഞ്ഞു. കോവിഡിനെ നേരിടുന്നതിനും തൊഴിലാളികൾക്ക് അവരുടെ താമസസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും സംരക്ഷണം നൽകാനും തൊഴിൽ കമ്പോളത്തിന്റെ സ്ഥിരത നിലനിർത്താനും തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമനിർമ്മാണ തത്വങ്ങൾക്കും ബഹ്റൈൻ സർക്കാരിന്റെ ശ്രമങ്ങളെയും നടപടികളെയും അദ്ദേഹം അഭിനന്ദിച്ചു.
തൊഴിലാളികൾ തമ്മിലുള്ള സമഗ്രമായ സമത്വത്തിനുപുറമെ, ജോലിസ്ഥലത്തെ അടിസ്ഥാന തത്വങ്ങളുടെയും അവകാശങ്ങളുടെയും സംരക്ഷണം നേടുന്നതിന് തൊഴിൽ മേഖലയിൽ ബഹ്റൈനിന്റെ നിയമനിർമ്മാണ ഘടന വികസിപ്പിച്ചതിനെ മന്ത്രി പ്രശംസിച്ചു.