മനാമ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു.
സാമ്പത്തിക സഹകരണത്തിലും നിക്ഷേപ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കും സാമ്പത്തിക വളർച്ചയും അഭിവൃദ്ധിയും കൈവരിക്കുന്നതിന് ഉഭയകക്ഷി വ്യാപാരം, ദ്വിമുഖ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഇന്ത്യയും ബഹ്റൈനും സഹകരിച്ച് പ്രവർത്തിച്ചത് കിരീടാവകാശി എടുത്തുപറഞ്ഞു. ബഹ്റൈന്റെ വളർച്ചക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സേവനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും പരസ്പര താൽപര്യമുള്ള വിയഷങ്ങളും ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ സുസ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വി. മുരളീധരൻ കിരീടാവകാശിക്ക് കൈമാറി. ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ള ആശംസകൾ കിരീടാവകാശിയും അറിയിച്ചു.
കിരീടാവകാശിയെ കാണാൻ അവസരം ലഭിച്ചതിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കിരീടാവകാശി നൽകുന്ന പിന്തുണക്കും വി മുരളീധരൻ നന്ദി പറഞ്ഞു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽസയാനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.