മനാമ: ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2021 –ന് സെപ്റ്റംബർ 1 ബുധനാഴ്ച വൈകിട്ട് തിരശ്ശീല ഉയരും. ബി എം സി ഗ്ലോബൽ ലൈവ് എന്ന വർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനവും മുൻ ഇന്ത്യൻ ഡിപ്ലോമാറ്റ് ടി പി ശ്രീനിവാസൻ മുഖ്യപ്രഭാഷണ വും നടത്തും. ഡി എം സി ചെയർപേഴ്സൺ അഡ്വ. ദീപ ജോസഫ്, യൂണികോ സിഇഒ ജയശങ്കർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. രണ്ടാംദിവസമായ സെപ്റ്റംബർ രണ്ടിന് ബഹറിൻ മീഡിയ സിറ്റിയുടെ ഫിലിം സൊസൈറ്റി ബോളിവുഡ് ഡയറക്ടർ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നർമ്മ ബഹറിൻ അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ ക്ലബ്, ഐ വൈ സി സി, ഡി എം സി, പാൻ ബഹറിൻ, മുഹറക്ക് മലയാളി സമാജം, FED ബഹറിൻ, കായംകുളം അസോസിയേഷൻ, അനന്തപുരി അസോസിയേഷൻ, പാക്ട് , ചാവക്കാട് അസോസിയേഷൻ, എസ് എൻ സി എസ്, സംസ്കൃതി ബഹറിൻ, എൻഎസ്എസ്, നവകേരള എന്നീ സംഘടനകൾ പങ്കെടുക്കും. കൂടാതെ സെപ്റ്റംബർ 25 -ന് ഗ്രാൻഡ് ഫിനാലെയിൽ ബഹറിൻ മീഡിയാ സിറ്റിയുടെ ആനിവേഴ്സറി -യും അവാർഡ് ദാന ചടങ്ങും നടക്കും. വിശദവിവരങ്ങൾക്ക് 38096845 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.