ന്യൂഡൽഹി: ഇന്ത്യയുമായി അഫ്ഗാനിസ്ഥാൻ നടത്തിയിരുന്ന വ്യാപാര സാംസ്കാരിക രാഷ്ട്രീയ ബന്ധങ്ങൾ പുതിയ താലിബാൻ ഭരണകൂടത്തിനു കീഴിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായി പറഞ്ഞു. 46 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിലാണ് സ്താനിസ്കായി ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചത്. ഒരു പാകിസ്ഥാൻ ദേശീയ മാദ്ധ്യമമാണ് പഷ്തു ഭാഷയിൽ ഇന്ത്യയെ കുറിച്ചുള്ള താലിബാന്റെ നിരീക്ഷണം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്താനിസ്കായി പറഞ്ഞു.
വ്യോമപാത വഴിയുള്ള ബന്ധങ്ങളും തുറന്നിടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്താനിസ്കായി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇത്തരം നവീകരണ പ്രവർത്തനങ്ങളിൽ ഇന്ത്യ താത്പര്യം കാണിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്താനിസ്കായി അറിയിച്ചു. മാത്രമല്ല ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത പല പദ്ധതികളും പാതി വഴിയിലാണെന്നും അവ പൂർത്തീകരിക്കാൻ ഇന്ത്യ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ നേതാവ് വ്യക്തമാക്കി.താലിബാന്റെ മടങ്ങിവരവോടെ അഫ്ഗാനിസ്ഥാനിൽ തീവ്രവാദം മടങ്ങിയെത്തുമോ എന്ന രാജ്യാന്തര സമൂഹത്തിന്റെ ഭയത്തിന് അർത്ഥമില്ലെന്ന് സ്താനിസ്കായി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് അഫ്ഗാനിസ്ഥാനെ ഒഴിവാക്കണമെന്നും അതു പോലെ അഫ്ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുവാൻ പാകിസ്ഥാനി തീവ്രവാദികളെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്താനിസ്കായി വ്യക്തമാക്കി. അതേസമയം അഫ്ഗാനിസ്താനിൽ ശരിയത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുമെന്നും സർക്കാർ രൂപീകരണത്തിന് വേണ്ടി കാബൂളിൽ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും എല്ലാ വിഭാഗത്തിലുമുള്ള വ്യക്തികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാരായിരിക്കും നിലവിൽ വരികയെന്നും സ്താനിസ്കായി പറഞ്ഞു.