ന്യൂ ഡൽഹി: ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ രണ്ടാം വാർഷികം, ആസാദി കാ അമൃത് മഹോത്സവം ആഘാഷങ്ങൾ എന്നിവയുടെ ഭാഗമായി, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ മൈതാനത്ത് ഇന്ന് നടന്ന ചടങ്ങിലാണ് അദ്ദേഹം ആപ്ലിക്കേഷൻ രാജ്യത്തിന് സമർപ്പിച്ചത്. അദ്ദേഹത്തോടൊപ്പം യുവജനകാര്യ, കായിക മന്ത്രാലയ സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്കും ചടങ്ങിൽ പങ്കെടുത്തു.
പ്രകാശന ചടങ്ങിന് ശേഷം ആപ്ലിക്കേഷന്റെ ഉപയോഗം സദസിനു മുൻപിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ഗുസ്തി താരം സൻഗ്രാം സിംഗ്, മാധ്യമപ്രവർത്തകൻ ആയാസ് മേമൻ, പൈലറ്റ് ക്യാപ്റ്റൻ ആനി ദിവ്യ, ഒരു സ്കൂൾ വിദ്യാർത്ഥി, ഒരു വീട്ടമ്മ എന്നിവരുമായി മന്ത്രിമാർ വിർച്യുൽ ആയി ആശയവിനിമയവും നടത്തി
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭ്യമാക്കുന്ന ഫിറ്റ് ഇന്ത്യ ആപ്പ് ബേസിക് സ്മാർട്ട് ഫോണുകളിൽ വരെ പ്രവർത്തിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.
വയസ്സ് അടിസ്ഥാനമാക്കിയുള്ള നിശ്ചിത കായികക്ഷമതാ പരിശോധനകളിലൂടെ തന്റെ കായിക ക്ഷമത സ്കോർ പരിശോധിക്കാൻ ഒരു വ്യക്തിക്ക് സാധ്യമാക്കുക എന്നതാണ് ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷന്റെ ഏറ്റവും പ്രധാന പ്രത്യേകത. യോഗ അടക്കമുള്ള വ്യായാമങ്ങളിലൂടെ തങ്ങളുടെ കായികക്ഷമത എങ്ങനെ ഉയർത്താം എന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഇതിൽ ലഭ്യമാക്കും.
കായികക്ഷമത പരിശോധനകൾ സ്വയം നടത്തുന്നതിനു സഹായകരമായ ആനിമേറ്റഡ് വിഡിയോകളും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ പ്രായത്തിൽ പെട്ട ഗുണഭോക്താക്കൾക്ക് അടിസ്ഥാന കായികക്ഷമത തലങ്ങളിൽ എത്തുന്നതിനു ‘ഫിറ്റ്നസ് പ്രോട്ടോകോൾ’ സൗകര്യം വഴിയൊരുക്കുന്നു. ആഗോളതലത്തിൽ പ്രയോഗത്തിൽ ഉള്ളതും, വിവിധ ആരോഗ്യ വിദഗ്ധർ അംഗീകാരം നൽകിയതുമായ നിരവധി വ്യായാമമുറകളാണ് പ്രോട്ടോക്കോളിൽ ഉൾപ്പെട്ടിട്ടുള്ളത്.
തങ്ങളുടെ നിലവിലെ ജീവിതശൈലി സംബന്ധിച്ച അറിവ് സൃഷ്ടിക്കുന്നതിനു പുറമേ ആരോഗ്യ ലക്ഷ്യങ്ങൾ സ്വന്തമാക്കുന്നതിന് സഹായകമായ പ്രത്യേക ആഹാരരീതികൾ, ജീവിതരീതികളിലെ മാറ്റം എന്നിവ ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷനിലെ ‘മൈ പ്ലാൻ’ സൗകര്യത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. തദ്ദേശീയമായ ഭക്ഷണ രീതി, ദിവസേന കുടിക്കേണ്ട വെള്ളത്തിന്റെ അളവ്, ഉറക്കത്തിന്റെ ദൈർഘ്യം എന്നിവ സംബന്ധിച്ച് ഫിറ്റ് ഇന്ത്യ ആപ്ലിക്കേഷൻ നിർദ്ദേശങ്ങൾ നൽകും.
ദിനംപ്രതിയുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ അറിവ് ലഭിക്കുന്നതിന് ആപ്ലിക്കേഷനിലെ ‘ആക്ടിവിറ്റി ട്രാക്കർ’ സൗകര്യത്തിലൂടെ സാധിക്കും.
നിരവധി ഫിറ്റ് ഇന്ത്യ പരിപാടികൾ, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് രാജ്യത്തെ സ്കൂളുകൾ, സംഘങ്ങൾ, വ്യക്തികൾ, സംഘടനകൾ എന്നിവയ്ക്ക് മൊബൈൽ ആപ്ലിക്കേഷൻ അവസരമൊരുക്കും. ഈ പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ കായികക്ഷമത വിജയയാത്ര ജനങ്ങൾക്ക് പങ്കു വയ്ക്കാവുന്നതാണ്.