കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലത്തെ വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. സംഘത്തില്‍ അൻപതോളം മലയാളികള്‍ ഉണ്ടെന്നാണ് സൂചന.
അതേസമയം എല്ലാ മലയാളികളും തിരികെ എത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്മാന് കെ വരദരാജന് അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തിയതിന് ശേഷം മാത്രമേ മലയാളികള്‍ എല്ലാവരും നാട്ടിലെത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും വരദരാജന് വ്യക്തമാക്കി. പോളിയോ വൈറസിനെതിരായ പ്രതിരോധ നടപടിയായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
മലയാളികൾക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചിരുന്നു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരെയാണ് ഇവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലേക്ക് എത്തിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.