കാബൂള്‍ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോർട്ട്. 150 ഇന്ത്യക്കാരെയാണ് താലിബാൻ തട്ടിക്കൊണ്ടു പോയത്. എല്ലാവരും സുരക്ഷിതരാണെനാണ് വിവരം.
വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിച്ചിരുന്നു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130 ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. ദില്ലിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതൽ വിമാനങ്ങൾ ഇന്ത്യ എത്തിക്കും. കുടുങ്ങിയ എല്ലാവരെയും വിമാനത്താവളത്തിൽ എത്തിക്കാനാണ് ശ്രമം.മറ്റൊരു സി-17 വിമാനം കൂടി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനായി തയ്യാറായി നിൽക്കുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന ഇന്ത്യക്കാരെ അകത്ത് എത്തിക്കാനായാൽ ഉടൻ ഈ വിമാനം പുറപ്പെടും. കാബൂൾ വിമാനത്താവളത്തിന്റെ അകത്തെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അമേരിക്കൻ സൈന്യവുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഇതിനനുസരിച്ചാണ് വ്യോമസേനയുടെ വിമാനങ്ങളുടെ കാബൂളിലേക്കുള്ള സർവീസ് നിയന്ത്രിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.