കോഴിക്കോട്: കേരളത്തിലെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ വികസനത്തിന് വിഘാതം നിൽക്കുന്നത്. ലോകം മുഴുവൻ മലയാളികളെക്കൊണ്ട് വികസനമുണ്ടാകുമ്പോൾ കേരളത്തിൽ മാത്രം വികസനം നടക്കുന്നില്ല. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സാക്ഷരത കൂടുതലാണെങ്കിലും വിദ്യാസമ്പന്നരായ ജനത തൊഴിലിനായി പുറത്തേക്ക് പോവേണ്ടിവരുന്നു. ഇവിടെ തൊഴിലവസരങ്ങളില്ല.പുതിയ വ്യവസായങ്ങൾ വരുന്നില്ലെന്ന് മാത്രമല്ല രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ശത്രുതാ പരമായ നിലപാട് കാരണം ഉള്ള വ്യവസായങ്ങൾ പോലും പൂട്ടിപുറത്തേക്ക് പോകുകയാണ്. കേരളം സാമ്പത്തിക സ്ഥിതി കടക്കെണിയിലാണ്. മൂന്നരലക്ഷം കോടി രൂപയാണ് മൊത്ത കടം. അതേ സമയം കേരളം അറിയപ്പെടുന്നത് തീവ്രവാദ ഓപറേഷൻ മൊഡ്യൂളുകളുടെയും ഐ.എസ് റിക്രൂട്ടിംഗ് കേന്ദ്രത്തിന്റെയും സ്വർണ ക്കളക്കടത്തിന്റെയും പേരിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വർണ ക്കളക്കടത്തിന് കൂട്ടു നിന്നു എന്നത് നാണക്കേടുളവാക്കുന്നതാണെന്നും ജെ.പി നദ്ദ പറഞ്ഞു. കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. കേരളം മുഖ്യധാരയിലേക്ക് വരണം. എന്നാൽ സംസ്ഥാന സർക്കാർ വികസനത്തിന് തടസം നിൽക്കുകയാണ്.
പ്രധാന മന്ത്രി ആവാസ് യോജന ,പട്ടിക ജാതി പട്ടിക വർഗ ക്ഷേമ പദ്ധതികൾ തുടങ്ങി വികസന പദ്ധതികൾക്കായുള്ള കേന്ദ്രപദ്ധതികൾക്കനുവദിച്ച പണം ചെലവഴിക്കുന്നില്ല. കേരളത്തിലെ ക്രമസമാധാന നില തകരാറിലാണ്. സ്ത്രീകൾക്ക് നേരെ അതിക്രമം വളരുന്നു. പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നു. രാഷ്ട്രീയ പരിഗണനവച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്.
കേരളത്തിന്റെ കൊവിഡ് പരാജയം രാജ്യത്തിന് ഭാരമാണ്. കേരളത്തിന്റെ കൊവിഡ് മാനേജ്മെന്റിെനെ കുറിച്ച് പുകഴിത്തിയവർ ഇപ്പോൾ എവിടെപോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലേത് കൊവിഡ് മാനേജ് മെന്റല്ല മിസ് മാനേജ് മെന്റാണ്. കേരളത്തിൽ 3.5 കോടി ജനങ്ങളിൽ 10ശതമാനത്തിനും കൊവിഡ് ബാധിച്ചു. എന്നാൽ യു.പിയിലെ 22.9 കോടി ജനങ്ങളിൽ 17 ലക്ഷം മാത്രമാണ് കേസ് 0.73 ശതമാനം മാത്രം. യു.പി മാതൃക ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. ഏതെങ്കിലും സംസ്ഥാനത്തെ കുറ്റപ്പെടുത്താനല്ല. നേതാവ് സത്യസന്ധനും ജനതല്പരനുമാണെങ്കിൽ അതുണ്ടാക്കുന്ന വ്യത്യാസത്തെ കാണിക്കാൻ മാത്രമാണ്.
അമേരിക്കയെ പോലെ സമ്പന്നവും ആരോഗ്യ പശ്ചാത്തല മേഖലയിൽ വളരെ മുന്നോട്ട് പോയരാജ്യങ്ങൾ പോലും കൊവിഡിന്റെ മുന്നിൽ പതറിയപ്പോൾ 135 കോടി ജനതയുള്ള ഭാരതം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടപെടലുകളിലൂടെ അതിനെ അതിജീവിച്ചു. രണ്ടാം തരംഗം പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ശക്തമായപ്പോൾ ഒരാഴ്ചക്കുള്ളിൽ ഓക്സിജൻ എക്സ്പ്രസിലൂടെയും എയർഫോഴ്സ് വഴിയും റോഡ്, റെയിൽ ,ജല മാർഗങ്ങളിലൂടെ ഓക്സിജൻ എത്തിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞു.2020 ഏപ്രിൽ വാക്സിൻ നിർമ്മിക്കാൻ ടാസ്ക് ഫോഴ്സിനെ നിയമിച്ചപ്പോൾ എല്ലാ രാഷ്ട്രീയ നേതാക്കളും കളിയാക്കി. മോദി ശാസ്ത്രജ്ഞരെയും വ്യാവസായികളെയും പ്രോത്സാഹിപ്പിച്ചപ്പോൾ എട്ടുമാസത്തിനുള്ളിൽ രണ്ട് തരം വാക്സിൻ ലഭ്യമായി.
ഇതുവരെ 54 കോടി വാക്സിൻ നൽകിക്കഴിഞ്ഞു. ഡിസംബറിനുള്ളിൽ രാജ്യത്തെല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകാൻ കഴിയും. മോദി കോവിഡ് വന്നപ്പോൾ ആരോഗ്യപ്രശ്നം മാത്രമല്ല അതിന്റെ സാമ്പത്തിക പ്രശ്നവും പരിഹരിച്ചെന്ന് ലോകാരോഗ്യ സംഘടനാ ജനറൽ സെക്രട്ടറിയുടെ വാക്കുകൾ നദ്ദ എടുത്തുപറഞ്ഞു. 100 വര്ഷം മുമ്പ് മഹാമാരി വന്നപ്പോൾ കൂടുതൽ പേരും മരിച്ചത് പട്ടിണി മൂലമായിരുന്നു. കൊവിഡ് വന്നപ്പോൾ ഇന്ത്യയിൽ 80 കോടി പേർക്ക് സൗജന്യമായി അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളും നൽകി ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തി.
കേരളത്തിന് മൂന്നാം തരംഗത്തെ നേരിടാനും കുട്ടികളെ അതിൽ നിന്നു രക്ഷിക്കാനും ആരോഗ്യപശ്ചാത്തല സൗകര്യം വരർദ്ധിപ്പിക്കാനുമായി 267.35 കോടി രൂപയുടെ പാക്കേജ് കേന്ദ്ര ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച കാര്യവും നദ്ദ എടുത്തുപറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡൻ്റ് വികെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ.രാജഗോപാൽ, സി.കെ പദ്മനാഭൻ, കുമ്മനം രാജശേഖരൻ, അഖിലേന്ത്യാ വൈസ്പ്രസിഡൻ്റ് എപി അബ്ദുള്ളക്കുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, സംസ്ഥാന വൈസ്പ്രസിഡൻ്റുമാരായ എ.എൻ രാധാകൃഷ്ണൻ, വിവി രാജൻ, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി പ്രകാശ്ബാബു, ഒബിസി മോർച്ചാ സംസ്ഥാനപ്രസിഡൻ്റ് എൻപി രാധാകൃഷ്ണൻ, മഹിളാമോർച്ചാ സംസ്ഥാന പ്രസിഡൻ്റ് നിവേദിത, യുവമോർച്ചാ സംസ്ഥാന പ്രസിഡൻ്റ് സി.ആർ പ്രഫുൽകൃഷ്ണൻ, മേഖലാ പ്രസിഡൻ്റ് ടിപി ജയചന്ദ്രൻ, ജനറൽസെക്രട്ടറി പി.ജിജേന്ദ്രൻ, ജില്ലാ ജനറൽസെക്രട്ടറിമാരായ എം.മോഹനൻ, ടി.ബാലസോമൻ എന്നിവർ സംസാരിച്ചു.