അരൂർ-ചേർത്തല ദേശീയപാത വിവാദത്തിൽ എ എം ആരിഫ് എംപിയെ പൂർണ്ണമായി തള്ളി സിപിഎം നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് അനൗചിത്യമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. വിജിലൻസ് അന്വേഷണം എന്ന ആവശ്യവുമായി പരസ്യമായി ഇറങ്ങിയത് പാർട്ടി ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങിയ ശേഷമാണെന്നായിരുന്നു ആരിഫ് പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് നേതൃത്വത്തിന് ഒന്നും അറിയില്ലെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്.
പാർട്ടി നേതാവെന്ന നിലയിൽ ആരിഫിന് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ദേശീയപാത പുനർനിർമ്മാണത്തില്‍ ആരിഫ് ഉൾപ്പടെ പരാതി നൽകിയപ്പോൾ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അന്വേഷണം നടത്തിയിരുന്നു. ഇപ്പോൾ വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സജി ചെറിയാനും വ്യക്തമാക്കി. അതേസമയം മോശം റോഡിലൂടെ പോകുന്ന നാട്ടുകാരുടെ കാര്യമാണ് താൻ പറഞ്ഞതെന്നും അതിൽ തെറ്റുണ്ടെങ്കിൽ പാർട്ടി പരിശോധിക്കട്ടെ എന്നുമാണ് ആരിഫിന്റെ നിലപാട്.