കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാനൊരുങ്ങി താലിബാൻ ഭീകരർ. അഫ്ഗാൻ സർക്കാർ ഏത് നിമിഷവും നിലംപതിക്കുമെന്ന ആശങ്കയാണ് നിലിവലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തു. അഫ്ഗാൻ ടെലിവിഷനിലൂടെയാണ് അഷ്റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തത്.
സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഇനിയെന്താണ് രാജ്യത്ത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അന്താരാഷ്ട്ര സംഘടനകളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം വൈകാതെ അറിയിക്കും. അസ്ഥിരത രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ഒരു യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അഭയാർത്ഥികളായി ഓടിപ്പോകുന്ന സാഹചര്യം മനസിനെ വല്ലാതെ വേദനപ്പിക്കുന്നു. ഉചിതമായ തീരുമാനമെടുക്കുമെന്നും അഷ്റഫ് ഗനി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ സേനയെ പുനസംഘടിപ്പിക്കുമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അഷ്റഫ് ഗനി അധികാരം വിട്ടൊഴിഞ്ഞേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അദ്ദേഹം രാജിവെച്ച് രാജ്യം വിടുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്.
അതേസമയം കാബൂളിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് താലിബാൻ. പ്രധാന പട്ടണമായ മസരി ഷരീഫിൽ താലിബാൻ ആക്രമണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് തലസ്ഥാന നഗരത്തിൽ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയർലിഫ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികർ കാബൂളിലെത്തിയിട്ടുണ്ട്.