കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ കേരള മോഡൽ പരാജയപ്പെടാൻ കാരണം പിണറായി സർക്കാരിന്റെ ഭരണ നിർവഹണത്തിലെ പിഴവാണെന്ന് ബിജെപി മഹിളാമോർച്ചാ ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ എം.എൽ.എ. നാഷണൽ ഹെൽത്ത് വോളന്റിയേർസിന്റെ സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനം കൊച്ചിയിൽ നിർവഹിക്കുകയായിരുന്നു അവർ.
കേരളത്തിൽ വാക്സിനേഷന്റെ ടോക്കൺ വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരല്ല. സിപിഎം പ്രവർത്തകരാണ് എല്ലാം ചെയ്യുന്നത്. മറ്റൊരു സംസ്ഥാനത്തും വാക്സിനേഷനിൽ രാഷ്ട്രീയ ഇടപെടലുകളില്ല. ഇതാണ് കേരള മോഡൽ പരാജയപ്പെടാൻ കാരണം. കൊവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനം രാജ്യത്ത് ഒന്നാമതായി. കേരളം ഫൈൻ സ്റ്റേറ്റായി മാറിയെന്ന് അവർ പരിഹസിച്ചു. എല്ലാ കാര്യത്തിലും ഫൈൻ മാത്രമേ ഇവിടെയുള്ളൂ. ഇരുന്നാലും നിന്നാലും എല്ലാം ഫൈനാണ്. ആഗോളതലത്തിലെ പോലെ കൊവിഡ് രാജ്യത്തിന്റെയും ആരോഗ്യ-സാമ്പത്തിക മേഖലയെ ബാധിച്ചു കാര്യമായി ബാധിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ കരുത്തുറ്റ നേതൃത്വം ഇന്ത്യയെ ശക്തമായി മുന്നോട്ട് നയിച്ചു.
ഇന്ത്യ കൊവിഡിനെ നേരിട്ട രീതി ലോകം മുഴുവൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. പ്രതിരോധത്തിൽ മാത്രമല്ല വാക്സിനേഷന്റെ കാര്യത്തിലും ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറി. പല രാജ്യങ്ങളിലേക്കും നാം വാക്സിൻ അയച്ചു. വികസിത രാഷ്ട്രങ്ങൾ തുടക്കത്തിൽ കൊവിഡിന് മുമ്പിൽ പകച്ചുപോയത് നാം കണ്ടതാണ്. ഏറ്റവും കൂടുതൽ ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകാൻ സാധിച്ചത് കേന്ദ്രസർക്കാരിന്റെ മികവാണെന്നും വനതി പറഞ്ഞു.
പരിപാടിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന സെക്രട്ടറിയും ഹെൽത്ത് വോളന്റിയേർസ് ക്യാമ്പയിന്റെ സംസ്ഥാന കൺവീനറുമായ എസ്.സുരേഷ്, സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.