മനാമ: ‘ഇന്ത്യ @ 75’ , രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2021 ആഗസ്ത് 15 ന് ബഹ്റൈൻ പ്രതിഭയുടെ 75 പ്രവർത്തകർ രക്തദാനം നടത്തുന്നു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് ആഗസ്ത് 15 ഞായറാഴ്ച രാവിലെ 7 മണി മുതൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന പത്താമത് രക്തദാന ക്യാമ്പാണ് ഇത്.
പ്രതിഭ മേഖല കമ്മറ്റികളുടെയും ഹെല്പ് ലൈൻ സബ്കമ്മറ്റിയുടെയും ഏകോപനത്തിൽ സംഘടിപ്പിക്കപ്പെട്ട ഇക്കഴിഞ്ഞ ക്യാമ്പുകളിലായി ഇതിനകം ആയിരത്തോളം വളണ്ടിയർമാർ രക്തദാനം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും പ്രതിഭ ജനറൽ സെക്രട്ടറി എൻ വി ലിവിൻ കുമാറും വൈസ് പ്രസിഡണ്ട് കെ എം രാമചന്ദ്രനും പ്രസ്താവനയിലൂടെ അറിയിച്ചു.