തിരുവനന്തപുരം; മുതലപ്പൊഴിയില്‍ ഇതുവരെ മരിച്ചത് 16 പേര് മാത്രമാണെന്നും പ്രതിപക്ഷം മരണക്കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നുമുള്ള പ്രസ്താവന തെളിയിക്കാന്‍ മന്ത്രി സജി ചെറിയാനെ വെല്ലുവളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആറു വര്‍ഷത്തിനിടെ 16 പേരല്ല 60 പേരാണ് മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. 2018-ല്‍ ഫിഷറീസ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടില്‍ മാത്രം 18 പേര് മരിച്ചതായി പറയുന്നു. പിന്നെ എന്തിനാണ് മന്ത്രി കള്ളം പറയുന്നത്? 16 പേര് മാത്രമാണ് മരിച്ചതെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവളിക്കുന്നു. വേണമെങ്കില്‍ പ്രതിപക്ഷത്തിന്റെ പക്കലുള്ള ലിസ്റ്റ് നല്‍കാമെന്നും വി.ഡി സതീശന് വ്യക്തമാക്കി.
പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 16 പേര് മരിച്ചെന്നാണ് മന്ത്രി പറയുന്നത്. പൊലീസ് റിപ്പോര്‍ട്ടല്ല, ഫിഷറീസ് വകുപ്പില്‍ നിന്നും തരുന്ന വിവരങ്ങളാണ് മന്ത്രി ആദ്യം മനസിലാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.