തിരുവനന്തപുരം: കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന പട്ടികജാതി- വർഗ വിഭാഗത്തിലുള്ളവർക്ക് വിദ്യാഭ്യാസത്തിന് ശേഷം കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പട്ടികജാതി- വർഗ മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. റാന്നി എംഎൽഎ പ്രമോദ് നാരായൺന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പട്ടികജാതി – വർഗ വിഭാഗത്തിൽപ്പെട്ട നിരവധിപ്പേർ പഠിച്ചിറങ്ങുന്നുണ്ട്. അവർക്ക് സർക്കാർ തലത്തിലുള്ള സംവരണങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. അത് കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യത്യസ്തങ്ങൾ ആയ തൊഴിൽ മേഖലകളുമായും, തൊഴിൽ ദാതാക്കളുമായും ബന്ധപ്പെടുത്തുന്ന ഒരു പ്ലാറ്റ് ഫോം സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണം എന്നും ചോദ്യോത്തര വേളയിൽ എംഎൽഎ പ്രമോദ് നാരായണൻ മന്ത്രിയോട് അഭ്യർത്ഥിച്ചത്.
കാലാനുസൃതമായി പുതിയ തലത്തിലുള്ള പഠനങ്ങൾ പൂർത്തീകരിക്കുന്നവർക്ക് ജോലി ലഭ്യമാക്കുന്നതിന് വേണ്ടി പല പല പദ്ധതികളും സർക്കാർ നടത്തുകയാണെന്നും ഇതെല്ലാം കൂടെ ഒറ്റ പുതിയ പദ്ധതിയായി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കത്തക്ക രീതിയുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.