ദുബൈ: യുഎഇയിലെ മുഴുവൻ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻ വീസ ലഭിക്കും. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ഡോക്ടർമാർക്കെല്ലാം ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വെബ് സൈറ്റ്: smartservices.ica.gov.ae. അതേസമയം, ദുബായ് ലൈസൻസുള്ള ഡോക്ടർമാർ അപേക്ഷിക്കേണ്ടത് smart.gdrfad.gov.ae എന്ന വെബ് സൈറ്റിലാണ്.ഇതിന് പുറമെ ഡോക്ടർമാർക്ക് വീസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യുഎഇയിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് തീരുമാനം.