തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. മുൻ വർഷത്തെക്കാൾ വിജയശതമാനം കൂടുതലാവുമെന്നാണ് സൂചന.
ജൂലായ് 15ന് പ്രാക്ടിക്കൽ പരീക്ഷകൾ തീർന്ന് 15 ദിവസത്തിനുളളിലാണ് ഫലപ്രഖ്യാപനം വരുന്നത്. മേയ് 28ന് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കൊവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളം നീളുകയായിരുന്നു. പല സ്കൂളുകളും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായിരുന്നു.
പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റായും പഠിച്ചവരാണ്. keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭിക്കും.