എറണാകുളം: എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെയും ഭാര്യാപിതാവിനെയും മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി സംഭവസ്ഥലത്തെത്തി തെളിവെടുത്തു. മൂന്ന് മാസം മുന്‍പ് പരാതി ലഭിച്ചിട്ടും കൈപ്പറ്റ് രസീത് പോലും നല്‍കാതെ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതിന് ഈ മാസം 29-ന് കമ്മിഷന് ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നല്കാന് നോര്‍ത്ത് എസ്എച്ച്ഒയോട് കമ്മിഷന് ആവശ്യപ്പെട്ടു.
സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കമ്മിഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും തങ്ങളുടെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് യുവതി വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെയടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ വിളിച്ചുവരുത്തുന്നത്. വനിതാ കമ്മിഷനും, വിവിധ വകുപ്പുകളും പൊലിസും ഉള്‍പ്പെടെ സ്ത്രീധനത്തിനെതിരെ വ്യാപകമായ പ്രചാരണപരിപാടികള്‍ നടത്തുമ്പോഴും സ്ത്രീധന പീഡന പരാതികളില്‍ പൊലീസിന്റെ നിസംഗത കമ്മിഷന് ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.
പച്ചാളം സ്വദേശി ജിപ്സണ്‍ പീറ്ററിനെ യുവതി വിവാഹം കഴിച്ചിട്ട് മൂന്ന് മാസമായി. അന്നുമുതല്‍ എറ്റിഎം കാര്‍ഡ് കസ്റ്റഡിയില്‍ വാങ്ങിവയ്ക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. രണ്ടാം വിവാഹമായതിനാല്‍ എന്തും പീഡനം സഹിച്ചും ഇവിടെ കഴിയണമെന്നും അല്ലെങ്കില്‍ ആളുകള്‍ നിന്നെ മാത്രമേ കുറ്റപ്പെടുത്തുകയുള്ളൂവെന്ന് ഭര്‍ത്താവ് ജിപ്സണ്‍ പറഞ്ഞതായി യുവതി വെളിപ്പെടുത്തി. തന്നെയും തന്റെ പിതാവിനെയും മര്‍ദിച്ചതിന് പരാതി നല്‍കിയെങ്കിലും പൊലീസ് ലഘുവായ വകുപ്പുകള്‍ ചുമത്തിയത് ജിപ്സണ്‍ ജാമ്യം ലഭിക്കാന്‍ ഇടയാക്കിയെന്നും തന്നെ മര്‍ദിച്ചതായ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.