ജനവിരുദ്ധ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുകയും നടത്തിപ്പു രീതികളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമങ്ങളെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ ധ്വംസനവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരേയുള്ള കടന്നുകയറ്റവുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തിനു നേരെ തുറന്നു വച്ച കണ്ണാടിയാണ്. ജനങ്ങളുടെ ആശങ്കകളും ആവലാതികളും പൊതുസമൂഹത്തെയും ഭരണാധികാരികളെയും അറിയിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായുണ്ടായ വീഴ്ചകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങളാണ് വലിയ പങ്കുവഹിച്ചത്.
ഗംഗാ നദിയില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്നതും മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്നതും രാജ്യവും ലോകവും ഞെട്ടലോടെ കണ്ടത് മാധ്യമങ്ങള്‍ വഴിയാണ്. ഇക്കാരണത്താല്‍ ദൈനിക് ഭാസ്കര്‍ എന്ന ഹിന്ദി പത്രസ്ഥാപനത്തിന്റെ ഓഫീസുകളും എട്ടുമാസമായി നടക്കുന്ന കര്‍ഷക സമരവും പൗരത്വ നിയമത്തിനെതിരായ സമരവും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ന്യൂസ്ക്ലിക്ക് ഡോട്ട് ഇന്‍ എന്ന സ്ഥാപനവും സര്‍ക്കാര്‍ നടത്തിയ രാജ്യദ്രോഹമായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുകൊണ്ടുവന്ന ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനവും ആദായ നികുതി വകുപ്പിനെയും പോലീസിനെയും ഉപയോഗിച്ച് റെയിഡ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്.
സര്‍ക്കാര്‍ പ്രോലോഭനങ്ങളില്‍ അടിയറവു പറയാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റു ഭരണരീതികള്ക്കെതിരായി ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.