മനാമ: നാളെ (ജൂലൈ 23 വെള്ളിയാഴ്ച) മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ ഇളവുകൾ നിലവിൽ വരുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. പെരുന്നാൾ അവധി ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലെർട് ലെവൽ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് സാഹചര്യങ്ങൾക്കനുസരിച്ച് ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചായിരുന്നു തീരുമാനം.
രാജ്യത്തെ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തുടരുന്നതിനാലാണ് തീരുമാനം. നിലവിൽ രാജ്യത്തെ 14 ദിവസത്തെ ആവറേജ് ടി പി ആർ 0.71 ശതമാനമാണ്. ഇൻഡോർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം, സാമൂഹിക അകലം പാലിക്കൽ തുടങ്ങി ഗ്രീൻ അലേർട്ട് ലെവലിൽ വിശദമാക്കിയിരിക്കുന്ന എല്ലാ മുൻകരുതൽ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ടാസ്ക്ഫോഴ്സ് ചൂണ്ടിക്കാട്ടി.
നാളെ മുതൽ ലഭിക്കുന്ന ഗ്രീൻ ലെവൽ ഇളവുകൾ ഇവയെല്ലാമാണ്:
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:
- ഷോപ്പുകൾ, ഷോപ്പിങ് മാളുകൾ
- റസ്റ്റോറൻറുകൾ, കഫേകൾ
- ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ
- നീന്തൽ കുളങ്ങൾ
- ബാർബർഷോപ്പുകൾ, സലൂണുകൾ, സ്പാകൾ
- കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ
- ഔട്ട്ഡോർ ഈവൻറുകളും കോൺഫറൻസുകളും
- സർക്കാർ ഓഫീസുകൾ
- വീടുകളിൽ സ്വകാര്യ ചടങ്ങുകൾ
- താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താം
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
- സിനിമ
- ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും
- ഇൻഡോർ സ്പോർട്സ്