ന്യൂഡല്‍ഹി: താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട പുലിറ്റ്സർ പുരസ്കാര ജേതാവും ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ഖബറിസ്ഥാനിൽ സംസ്കരിക്കും. ജാമിയ മിലിയ സർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി പത്തു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബം അറിയിച്ചു.
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡല്‍ഹിയിൽ എത്തിച്ചു. ഏട്ട് മണിയോടെ മൃതദേഹം ജാമിയ നഗറിലെ വീട്ടിൽ എത്തിക്കും. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയാകും സംസ്കാരം നടക്കുക.
ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മൃതദേഹങ്ങളാണ് സാധാരണയായി ഈ ശ്മശാനത്തില്‍ സംസ്കരിക്കാറ്. എന്നാല്‍ സിദ്ദിഖിയ്ക്കു വേണ്ടി ഈ പതിവിന് മാറ്റം കൊണ്ടുവരികയാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. നേരത്തെ ഡാനിഷിന്റെ അന്ത്യവിശ്രമം ജാമിയ സർവകലാശാലയിലെ ഖബറിസ്ഥാനിൽ നടത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സർവകലാശാല അംഗീകരിച്ചിരുന്നു.