മനാമ: ബഹ്റൈനിൽ ചെറിയ റോഡപകടക്കേസുകൾ ഇൻഷുറൻസ് കമ്പനി മുഖേന പരിഹരിക്കുന്ന സംവിധാനം ജൂലൈ 25ന് നിലവിൽ വരും. നിയമ നടപടികളുടെ സങ്കീർണതകളില്ലാതെ എളുപ്പത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ചെറിയ അപകടങ്ങൾക്ക് ട്രാഫിക് വിഭാഗത്തിൽ പോകുന്നത് ഒഴിവാക്കാം.
അപകടത്തിൽപെട്ട രണ്ട് കക്ഷികളും പരസ്പര ധാരണയായാൽ ആദ്യം അപകടത്തിന്റെ ഫോട്ടോ എടുത്ത ശേഷം ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനം റോഡ് സൈഡിലേക്ക് മാറ്റിയിടണം. തുടർന്ന് ‘ഇ ട്രാഫിക്’ എന്ന മൊബൈൽ ആപ് വഴി അപകട വിവരം റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി മുഖേനയും റിപ്പോർട്ട് ചെയ്യാം. തുടർന്നുള്ള കാര്യങ്ങൾ ഇൻഷുറൻസ് കമ്പനി പൂർത്തിയാക്കും.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതുവഴിയുള്ള പ്രശ്ന പരിഹാര നടപടികൾക്ക് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിന്റെ മേൽനോട്ടമുണ്ടാകും. എല്ലാ കക്ഷികളുടെയും അവകാശം സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള നടപടി. അതേസമയം, ഗുരുതര ഗതാഗത നിയമ ലംഘനത്തെത്തുടർന്നുള്ള അപകടങ്ങളിൽ ഈ സംവിധാനം വഴി പരിഹാരം കാണാൻ കഴിയില്ല. ഇരുകക്ഷികളും പരസ്പരധാരണയിൽ എത്തുന്നില്ലെങ്കിലും ട്രാഫിക് വിഭാഗത്തെ സമീപിക്കേണ്ടി വരും.