കൊച്ചി: കേരളാ സർക്കാരിനെ വിമർശിച്ചും, തെലങ്കാന അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ പുകഴ്ത്തിയും കിറ്റെക്സ് എംഡി സാബു എം ജേക്കബ്. വ്യവസായത്തിന് തെലങ്കാനയിലെത്തിയ കിറ്റക്സിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാന സർക്കാർ വാദ്ഗാനം ചെയ്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു. വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി സാബു ജേക്കബ് അറിയിച്ചു.
നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന് വ്യവസായ മന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വ്യവസായിയുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം നൽകുന്നയാളാണ് തെലങ്കാന വ്യവസായ മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ കൂടുതൽ നിക്ഷേപവും മറ്റ് സംസ്ഥാനങ്ങളുമായുള്ള സഹകരണവും ആലോചനയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളും വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇനിയുള്ള നിക്ഷേപങ്ങൾ പൂർണമായി മറ്റ് സംസ്ഥാനങ്ങളിലായിരിക്കും. കിറ്റക്സ് മദേഴ്സ് യൂണിറ്റ് തെലങ്കാനയിൽ ആരംഭിക്കും. ഈ മാസം അവസാനത്തോടെ ധാരണാ പത്രം ഒപ്പുവെക്കും.
പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിന്റേതെന്ന് വിമർശിച്ച സാബു ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളർത്തിയത്. പക്ഷേ 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കിൽ ഇരട്ടി വളർച്ചയുണ്ടാകുമായിരുന്നു. 53 വർഷം കൊണ്ടുണ്ടായ നഷ്ടം ഇനി 10 വർഷം കൊണ്ട് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാബു പറഞ്ഞു.
കേരളം വിടുമെന്ന് പ്രഖ്യാപിച്ചപ്പോൾ ഓഹരി വിപണിയിൽ 200 കോടിയുടെ നേട്ടമുണ്ടായി. കേരളം ഇനിയും വൈകിയിട്ടില്ല. വ്യക്തി ബന്ധങ്ങൾ ബിസിനസ്സിന് ഉപയോഗിക്കില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ല. 18 വർഷമായി കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്നില്ലെന്നും സാബു പറഞ്ഞു.