തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ പുതിയ ബില്ല് അവതരിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. വ്യവസായങ്ങൾക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വ്യവസായികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വകുപ്പുകളും ഇവരെടുക്കുന്ന തീരുമാനം അംഗീകരിക്കേണ്ടി വരും. ഇതോടെ വ്യവസായരംഗത്തെ പരാതികൾക്ക് പരിഹാരമാകുമെന്നും. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ പാസ്സാക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശദമാക്കി.
പലവകുപ്പുകളിൽ നിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോൾ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഒരു നിശ്ചിത മുതൽമുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ജില്ലാ-സംസ്ഥാന തല സമിതികൾ രൂപവത്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.