കണ്ണൂർ: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തുന്ന ‘വിജയ് യാത്ര’ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയിലെ ‘ഐശ്വര്യ’ എന്ന പേര് ആരുടെയൊക്കെ പേരക്കുട്ടിക്ക് ഉണ്ടെന്ന് പരിശോധിക്കണമെന്ന് വിജയരാഘവൻ പരിഹസിച്ചു.
‘വിജയ് യാത്ര’ എന്ന പേരിനെ ചൂണ്ടിക്കാട്ടി ബിജെപി യാത്ര പിണറായിയെ സഹായിക്കാനാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. പിണറായി വിജയന്റെ പേരാണ് ബിജെപി അധ്യക്ഷൻ നടത്തുന്ന യാത്രക്കിട്ടതെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ ഐക്യം ഉണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. പിന്നാലെയാണ് വിജയരാഘവന്റെ പരിഹാസം.


