മലപ്പുറം: മലപ്പുറത്ത് എംഎസ്എഫ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎമ്മിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമര ഐക്യദാർഢ്യ വേദിയിലേക്ക് എംഎസ്എഫ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിച്ചത് വലിയ സംഘർഷത്തിന് ഇടയാക്കുകയായിരുന്നു.
സിപിഎമ്മിന്റെ അനധികൃത പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകർ മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാർച്ചിൽ പോലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ എംഎസ്എഫ് പ്രവർത്തകർ സിപിഎമ്മിന്റെ സമരവേദിയിലേക്ക് ഇരച്ച് കയറുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകനും പോലീസുമടക്കം ഒൻപതോളം പേർക്ക് പരിക്കേറ്റു.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. സംഘർഷം നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി. മാദ്ധ്യമ പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. പ്രവർത്തകർ പോലീസ് ബാരിക്കേഡ് ചാടിക്കടന്ന് പ്രശ്നം വഷളാക്കിയതോടെയാണ് പോലീസ് ലാത്തി വീശിയത്.