തിരുവനന്തപുരം: ലീഗ് വിരുദ്ധ പ്രസ്താവനയിൽ സിപിഐഎമ്മിനു പിന്നാലെ എ വിജയരാഘവനെ തള്ളി എൽഡിഎഫ് ഘടകക്ഷികളും. ഇത്തരം പ്രതികരണങ്ങൾ വേണോയെന്ന് തീരുമാനിക്കേണ്ടത് വിജയരാഘവൻ തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. വിജയരാഘവനും ബിജെപിക്കും ഒരേ സ്വരമാണെന്ന വിമർശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി.
എ വിജയരാഘവന്റെ വിവാദ പ്രസ്താവനയിൽ കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വെൽഫയർ പാർട്ടി അടക്കമുള്ള മതാതിഷ്ഠിത സംഘടനകളുമായി ബന്ധം വിപുലീകരിക്കുന്നതിനാണോ കോൺഗ്രസ്-ലീഗ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച എന്നതായിരുന്നു താൻ ഉന്നയിച്ച ചോദ്യമെന്നാണ് എ വിജയരാഘവന്റെ വിശദീകരണം. എന്നാൽ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് സിപിഐഎം വിലയിരുത്തൽ. മുഖ്യമന്ത്രിയും വാർത്താസമ്മേളനത്തിൽ എ വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ എകെജി സെന്ററിൽ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. അതിനിടയിലാണ് വിജയരാഘവനെതിരായ കാനം രാജേന്ദ്രന്റെ നിലപാട്.