മനാമ :ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് ഒഐസിസി നേതൃത്വം കേരളത്തിന്റെ ചുമതലകൾ വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ ഐ സി സി സെക്രട്ടറി ഹ്യൂമാൻഷു വ്യാസ്, ഐ ഒ സി പ്രസിഡന്റ് സാം പിട്രോട തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സൂം വഴി നടത്തിയ യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മുപ്പത്തിയേഴ് രാജ്യങ്ങളിൽ ഉള്ള ഒഐസിസി, ഇൻകാസ്, ഐ ഒ സി നേതാക്കളുമായി ആണ് യോഗം ക്രമീകരിച്ചത്. അടുത്ത് നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കുന്ന പ്രകടനപത്രികയിൽ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാണ് സ്ഥാനാർഥി നിർണ്ണയം നടത്തുന്നത്. പുതിയ സാഹചര്യത്തിൽ സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിക്കുവാൻ എ ഐ സി സി നേതൃത്വം തയാറാകണം. അഴിമതിയിൽ മുങ്ങികുളിച്ച സംസ്ഥാന സർക്കാരിനെതിരെ ഉണ്ടാകുന്ന പ്രതിഷേധം അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുവാൻ നേതൃത്വം ശ്രദ്ധിക്കണം. ഐ ഒ സി മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ അനുരാ മത്തായി യോഗം നിയന്ത്രിച്ചു. ഐ ഒ സി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, സെക്രട്ടറി രവി സോള, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ എന്നിവർ പങ്കെടുത്തു.