കോഴിക്കോട്: യാത്രക്കിടെ ദമ്പതികള്‍ ഓട്ടോയില്‍ മറന്നു വെച്ച 31, 500 രൂപ തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ നാട്ടുകാരുടെ മാതൃകയായി. ഓട്ടോ ഡ്രൈവര്‍ കൊമ്മേരി സ്വദേശി ഐപ്പുറത്ത് ശിവദാസന്‍ ആണ് പൊലീസുകാരുടെ സാന്നിധ്യത്തില്‍ പണം ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ചത്. പട്ടാമ്പി മുതുവല്ല സ്വദേശി പാലത്തി തൊടി സുരേന്ദ്രന് ആണ് ഇന്നലെ ഉച്ചയ്ക്ക് പണം ഓട്ടോയില്‍ മറന്നു വെച്ചത്.
എസ്.എം സ്ട്രീറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു സുരേന്ദ്രനും ഭാര്യയും പണം ഓട്ടോയില്‍ മറന്നു വെച്ചത്. പിന്നീട് ഇവര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചപ്പോഴേക്കും ശിവദാസന്‍ പണം കണ്ട്രോള് റൂമില്‍ ഏല്‍പ്പിച്ചിരുന്നു. കണ്ട്രോള് റൂം എസ് ഐ മാരായ രാജേന്ദ്ര രാജ, അഖി, ഉണ്ണികൃഷ്ണന്, പോലീസുകാരായ വിജയശ്രീ, ജയേഷ്, ജി.എസ് അഭിലാഷ എന്നിവരുടെ സാന്നിധ്യത്തില്‍ പണം തിരികെ ഏല്‍പ്പിച്ചു.