ബംഗളൂരു: കാസർകോട് സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസ ഫാര്‍മസി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കുറച്ചുദിവസങ്ങളായി പ്രതികൾ നിരന്തരം റാഗിങ്ങിന് ഇരയാക്കിയതായാണ് പരാതി. രണ്ടും മൂന്നും വര്‍ഷ ബി-ഫാര്‍മ വിദ്യാര്‍ഥികളായ ജിഷ്ണു (20), പി.വി. ശ്രീകാന്ത (20), അശ്വന്ത് (20), സായന്ത് (22), അഭിരാത് രാജീവ് (21), പി. രാഹുല്‍ (21), ജിഷ്ണു (20), മുക്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട് സ്വദേശിയായ ഒന്നാംവർഷ വിദ്യാർഥി അടുത്തിടെയാണ് കോളജിൽ പ്രവേശനം നേടിയത്. ഈ വിദ്യാർഥിയും സഹപാഠിയും ജനുവരി 10ന് പ്രതികളുടെ താമസസ്ഥലത്ത് ചെന്നപ്പോൾ പ്രതികൾ തലമുടിയും മീശയും മുറിക്കാൻ ആവശ്യപ്പെട്ടെന്നും ക്രൂരമായി പെരുമാറിയെന്നുമാണ് പരാതി. ഇതിനുപുറമെ മർദിക്കുകയും ചെയ്തു.
റാഗിങ്ങിനെ തുടർന്ന് പഠനം ഉപേക്ഷിച്ച് വിദ്യാർഥി നാട്ടിലേക്ക് മടങ്ങിയെന്ന് സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. കോളജിലേക്ക് മടങ്ങുന്നില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. മകൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ പൊലീസിൽ അറിയിക്കുകയും അന്വേഷണത്തിൽ റാഗിങ് വിവരം പുറത്തുവരുകയുമായിരുന്നെന്ന് കമീഷണർ പറഞ്ഞു