തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ അമ്മ ബുധനാഴ്ച സെക്രട്ടറിയേറ്റിൽ സത്യാഗ്രഹം അനുഷ്ഠിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലിന്റെ പ്രത്യക്ഷ സമര പരിപാടിയുടെ ഭാഗമായാണ് അമ്മ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമരപരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
പ്രദീപിന്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിനെ തുടർന്നാണ് സുഹൃത്തുക്കൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും, പ്രധാന തെളിവുകൾ പരിഗണിക്കുന്നില്ലെന്നും ആരോപിച്ച് നേരത്തെ ആക്ഷൻ കൗൺസിൽ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
സംഭവം നടന്ന് ഒരുമാസത്തിൽ കൂടുതലായി. എന്നാൽ മരണത്തിലെ ദുരൂഹത നീക്കാൻ പോലീസോ സർക്കാരോ തയ്യാറാകാത്തത് സംശയാസ്പദമാണ്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടിയിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.