ബീജിംങ്: ലോകത്ത് കോവിഡ് വാക്സിനേഷന് നടപടികള്‍ പുരോഗമിക്കവേ ഞെട്ടിക്കുന്ന പുതിയ വിവരം. ഐസ്ക്രീമില് നിന്നും വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം റിപോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് 2,089 ഐസ്ക്രീം ബോക്സുകള്‍ നശിപ്പിച്ചു. 4,836 ബോക്സുകളില്‍ കൊവിഡ് സാന്നിധ്യം കണ്ടെത്തിയതായും കമ്പനി അധികൃതര്‍ അറിയിച്ചു. ഐസ്ക്രീം വാങ്ങിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമങ്ങള്‍ നടത്തിവരികയാണ്. രോഗലക്ഷണം അടക്കം ആരോഗ്യസംബന്ധമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.