മനാമ: ഒട്ടേറെ ജീവകാരുണ്യ വിഷയങ്ങളിൽ എല്ലാം മറന്ന് ഒന്നിക്കുന്ന ബഹ്റൈൻ പ്രവാസി സമൂഹത്തിൻറെ കൈത്താങ്ങാൽ തൃശൂർ മുള്ളൂർക്കര വാഴക്കോട് സ്വദേശി ശരീഫ് നാട്ടിലെത്തി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിൽസയിൽ ആയിരുന്ന ശരീഫ് തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുവാനായി ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കാർ എടുത്ത വകയിൽ ബഹ്റൈൻ ക്രെഡിറ്റിൽ കുടിശിക ഉള്ളതിനാൽ യാത്രാ നിരോധനം ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് ശരീഫിന്റെ സുഹൃത്തുക്കൾ ഐ. സി. ആർ. എഫ് അംഗങ്ങളുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വന്നു. ശരീഫ് സഹായത്തിനായി താത്കാലികമായി രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പ് 1692 ദിനാറും, ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് വാട്സപ്പ് ഗ്രൂപ്പ് 814 ദിനാറും, ബഹ്റൈൻ കേരള സോഷ്യൽ ഫോറം വാട്സപ്പ് ഗ്രൂപ്പ് 201 ദിനാറും ഇതിനായി സമാഹരിച്ചു നൽകി.
ഐ. സി. ആർ. എഫ് ന്റെ ഇടപെടൽ കാരണം ബഹ്റൈൻ ക്രെഡിറ്റിൽ അടക്കുവാനുള്ള തുക 2000 ദിനാറായി പരിമിതപ്പെടുത്തി സമാഹരിച്ച തുകയിൽ നിന്നും അത് അടക്കുകയും ബാക്കി വന്നതിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്ൽ കോഴിക്കോട് എയർപോർട്ട്ലേക്ക് വീൽചെയറിന്റെ സഹായത്താൽ പോകാനാവശ്യമായ ടിക്കറ്റ് എടുക്കുകയും ചെയ്തു. കാർ വാടകയടക്കമുള്ള ശരീഫ് കൊടുക്കുവാനുള്ള മറ്റ് ചെറിയ കടങ്ങൾ വീട്ടിയ ശേഷം മിച്ചം വന്ന തുക നാട്ടിലെ ചികിത്സക്കായി നൽകി. കോഴിക്കോട് എയർപോർട്ടിൽ നിന്നും തൃശൂരിലെ വീട് വരെ നോർക്കയുടെ സൗജന്യ ആംബുലൻസും സമാജം നോർക്ക ഹെൽപ് ഡസ്ക്ക് വഴി ഏർപ്പാടാക്കിയിരുന്നു. സാമൂഹിക പ്രവർത്തകർ ഉൾപ്പടെ മുൻകൈ എടുത്തു നടത്തിയ ഈ സഹായ പ്രവർത്തനം കൊണ്ട് ശരീഫിന് വേഗത്തിൽ നാട്ടിലെത്താൻ കാരണമായി.