മലപ്പുറം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്(എസ്.യു.എഫ്.സി) ക്ലബ്ബുള്‍പെടുന്ന യൂണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി (കെ.യു.എഫ്.സി) കളിക്കളത്തിലേക്ക്. ടീമിന്റെ പരിശീലനം ജനുവരി 7ന് എടവണ്ണ സീതിഹാജി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഗോകുലം കേരള എഫ്.സിയുടേയും കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെയും മുന്‍ താരം മലപ്പുറം തൃക്കലങ്ങോട് സ്വദേശി അര്‍ജുന്‍ജയരാജ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മിസോറം താരങ്ങളായ ലാല്താന്കുമ, ഇസാഖ് വാന്ലാല്പേക, ചത്തീസ്ഗഡിലെ സുരേഷ്കുമാര്‍, വിദേശ താരമായ ഖാനയിലെ സ്റ്റീഫന്‍ അബീകു, കൂടാതെ ബ്ലാസ്റ്റേഴ്സ് താരം ഋഷിദത്, മുന്‍ ഹൈദരാബാദ് എഫ്സി താരം ഫഹീം അലി, മുഹമ്മദ് ഷഫീര്‍, ബുജൈര്‍ എന്നീ പ്രമുഖര്‍ക്കൊപ്പം മികച്ച മെയ്വഴക്കവും മിടുക്കും പ്രകടിപ്പിക്കുന്ന യുവതാരങ്ങളുടെ ഒരു നിര തന്നെ കേരളയൂണൈറ്റഡിന്റെ ഭാഗമായിക്കഴിഞ്ഞു.
കോഴിക്കോട് ക്വാര്‍ട്സ് എഫ്.സിയെ ഏറ്റെടുത്താണ് കേരള യൂണൈറ്റഡ് രൂപീകരിച്ചത്. സൗത്ത് ഇന്ത്യയിലെ മികച്ച റഫറല്‍ ലാബ് ആയ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ആണ് സ്പോണ്സര്. പ്രധാന കേന്ദ്രമായ കോഴിക്കോടിന് പുറമെ ആഫ്രിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ശാഖകളുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സി.ഇ.ഒ ഷബീര്‍ മണ്ണാരില്‍, ഓപറേഷന് മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍, നജീബ്, (ഓപറേഷന്‍സ് ഡയറക്ടര്‍, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്) ടീം ക്യാപ്റ്റന്‍ അര്ജുന് ജയരാജ്, അഡ്വ.സുഭാഷ് ചന്ദ്രന് ലീഗല്‍ അഡൈ്വസര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.