തിരുവനന്തപുരം: കൊറോണ വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. വാക്സിൻ അനുമതി കേന്ദ്രം കേരളത്തെ അറിയിച്ചിട്ടില്ലെന്നും ശൈലജ പറഞ്ഞു.
സംസ്ഥാനത്തെ കൊറോണ വ്യാപന നിരക്കിനെ കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇതിനായി 12,100 പേരിൽ ആന്റിബോഡി പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ രണ്ടാംഘട്ടവ്യാപനത്തിന്റെ സാധ്യത കണ്ടെത്താനും പ്രതിരോധ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനുമാണ് പഠനം. രോഗം വന്ന് ഭേദമായവരിൽ ആന്റിബോഡി സാന്നിദ്ധ്യം ഉണ്ടാകും. എത്രത്തോളം പേർക്ക് പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനം നടത്തുകയെന്നും മന്ത്രി വിശദീകരിച്ചു.