തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന കോവിഡ് വാക്സിന് സൗജന്യമായിട്ടായിരിക്കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”നമുക്ക് എത്ര കണ്ട് വാക്സിന് ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ നല്കുന്ന വാക്സിന് സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല”- മുഖ്യമന്ത്രി പറഞ്ഞു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്കിൽ അൽപം വർധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴേക്കു വന്നത് ആശ്വാസകരമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കിൽ ഈ ട്രെൻഡ് തുടർന്നേക്കും. ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ സ്ഥതിഗതികൾ മോശമായേക്കാം.
സാധാരണ ഗതിയിൽ കോവിഡ് മുക്തരായതിന്ശേഷവും ചില ശാരീരിക അസസ്ഥതകൾ കാണിക്കാൻ ഇടയുണ്ട്. ചില സാഹചര്യങ്ങളിൽ മൂന്നു മാസത്തിനു ശേഷവും കോവിഡ് അസ്വസ്ഥതകൾ തുടരാം. അക്യൂട് സിൻഡ്രോം എന്നാണ് ഇതിനെ പറയുന്നത്. ഇവ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പോസ്റ്റ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ നിന്ന് ചികിത്സ സ്വീകരിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.