സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടി20 തൂത്തുവാരാമെന്ന ഇന്ത്യയുടെ മോഹം വിഫലമായി. നായകൻ വിരാട് കോഹ്ലി(85) മുന്നിൽനിന്ന് നയിച്ചിട്ടും മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ 12 റൺസ് തോൽവി വഴങ്ങി. 187 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴിന് 174 റൺസാണ് എടുത്തത്. 85 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശിഖർ ധവാൻ 28 റൺസെടുത്തു. മലയാളി താരം സഞ്ജു വി സാംസൺ 10 റൺസെടുത്തു പുറത്തായി. ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചൽ സ്വെംപ്സൺ മൂന്നു വിക്കറ്റെടുത്തു. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചിന് 186 റൺസെടുത്തു. അർദ്ധസെഞ്ച്വറി നേടിയ മാത്യു വാഡെയുടെ(80) തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. ഗ്ലെൻ മാക്സ് വെൽ 54 റൺസെടുത്തു പുറത്തായി.
കാൻബെറയിൽ നടന്ന ആദ്യ മത്സരത്തിലും സിഡ്നിയിൽ നടന്ന രണ്ടാം മത്സരത്തിലും ജയിച്ച ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. നേരത്തെ നടന്ന ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയാണ് ജയിച്ചത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബർ 17ന് അഡ്ലെയ്ഡിൽ തുടക്കമാകും. അതിനുമുന്നോടിയായി ഡിസംബർ 17 ഓസ്ട്രേലിയ എ ടീമുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.