ഐഎസ്എൽ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേ്സ് എഫ്സി നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനോട് പൊരുതിത്തോറ്റു. റോയ്കൃഷ്ണ നേടിയ ഗോളിൽ 1-0 നാണ് എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. കളിയുടെ തുടക്കം മുതൽ അവസാനം വരെ പൊരുതിനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്.
കളിയുടെ മൂന്നാം മിനിറ്റിൽതന്നെ എടികെ ബഗാന് മികച്ച അവസരം കിട്ടി. ഹാവിയർ ഹെർണാണ്ടസിന്റെ കോർണർ കിക്ക് കൃത്യമായി റോയ് കൃഷ്ണയുടെ കാലുകളിലാണ് കിട്ടിയത്. പക്ഷേ, റോയ് കൃഷ്ണയ്ക്ക് കൃത്യമായി തൊടുക്കാനായില്ല. ഇതിനിടെ എടികെ മധ്യനിരക്കാരൻ മൈക്കേൽ സുസൈരാജ് പരിക്കേറ്റ് മടങ്ങി. സുഭാശിഷ് ബോസ് ആയിരുന്നു പകരക്കാരൻ. ആദ്യപകുതി അവസാനിക്കുമ്പോൾ 62 ശതമാനം ആയിരുന്നു പന്തിൻമേൽ ബ്ലാസ്റ്റേഴ്സിനുള്ള നിയന്ത്രണം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രണ്ടാംപകുതിയുടെ തുടക്കംതന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയായിരുന്നു. അമ്പതാം മിനുട്ടിൽ ജെസെൽ കർണെയ്റോ ഇടതുപാർശ്വത്തിലൂടെ നടത്തിയ മിന്നുംകുതിപ്പ് എടികെ ഗോൾമുഖം വിറപ്പിച്ചു. സഹലിന് പന്ത് കിട്ടിയെങ്കിലും ശ്രമം ഗോൾകിക്കിൽ കലാശിക്കുകയായിരുന്നു. ഇടതു വിങ്ങിലൂടെയുള്ള കർണെയ്റോയുടെ കുതിപ്പ് ഓരോ തവണയും എടികെയെ പേടിപ്പിച്ചു. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധം പിടിച്ചുനിന്നു.
അറുപത്തേഴാം മിനിറ്റിൽ ഇടത് വിംഗ് ഭാഗത്തിലൂടെ മൻവീർ സിങ് നടത്തിയ മുന്നേറ്റമാണ് എടികെയുടെ ഗോളിലേക്ക് വഴിതുറന്നത്. മൻവീറിന്റെ ക്രോസ് കൃത്യമായി തടയുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് വീഴ്ച പറ്റി. ഓടിയെത്തിയ റോയ് കൃഷ്ണ ആൽബിനോയെ കീഴടക്കി. 86-ാം മിനുറ്റിൽ സഹലിന് പകരം ലാൽറുവതാരയും ബെക്കാരി കോനെക്ക് പകരം ഫാക്കുൻഡോ പെരേരയും കളത്തിലിറങ്ങി. തുടർന്നുള്ള നിമിഷങ്ങളിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചെങ്കിലും എടികെ പ്രതിരോധം മറികടക്കാനായില്ല. നവംബർ 26 ന് ഇതേവേദിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.