തിരുവല്ല: മാർത്തോമാ സഭയുടെ അദ്ധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. മാർത്തോമാ സഭയുടെ 22-ാമത് അദ്ധ്യക്ഷനായാണ് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേറ്റത്.
തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാർത്തോമാ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത്. ഡോ യൂയാക്കിം മാർ കുറിലോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ രാവിലെ 7.45 ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.
ഡോ ഫിലപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിവിൽ മാർ ബസേലിയോസ്, മാർത്തോമാ സഭയിലെ മറ്റ് എപ്പിസ്കോപ്പമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈദികരും സഭയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളടക്കം 150 ന് അടുത്ത് ആളുകൾ ചടങ്ങിലുണ്ടായിരുന്നു.