കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് കോടതിയുടെതാണ് നടപടി. 13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്. കമറുദ്ദീന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ഇത് കണക്കിലെടുത്ത് എംഎല്‍എയെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉച്ചയോടെ കമറുദ്ദീനെ കോടതിയില്‍ എത്തിച്ചു.

