പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല.
കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീര്‍ത്ഥാടകര്‍ ആന്റിജന്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
പോലീസിന്റെ ശബരിമല വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ അനുവദിക്കൂ. ഈ വിവരങ്ങള്‍ തീര്‍ത്ഥാടകരെ അറിയിക്കുന്നതിന് ഓരോ സംസ്ഥാനവും നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഓരോ ദിവസവും ശബരിമലയില്‍ ദര്‍ശനം നടത്തുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ ആയിരവും അവധി ദിവസങ്ങളില്‍ രണ്ടായിരവും മണ്ഡല മകരവിളക്ക് ദിവസങ്ങളില്‍ 5000 തീര്‍ത്ഥാടര്‍ക്കും പ്രവേശനം നല്‍കും. ഹൈക്കോടതി അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.
പത്തിനും അറുപതിനുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ സീസണില്‍ ശബരിമലയില്‍ അനുമതിയുള്ളത്. 60 – 65 വയസിലുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതണം. പമ്പാ നദിയില്‍ സ്നാനം അനുവദിക്കില്ല. പകരം ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരി വയ്ക്കാന്‍ അനുമതിയില്ല. ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളുള്ളവര്‍ കൈയില്‍ കരുതണം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പതിനഞ്ചില്‍ താഴെ തീര്‍ത്ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും. തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിലെത്തണം. മറ്റുള്ളവര്‍ക്കായി നിലയ്ക്കലില്‍ നിന്ന് കെ. എസ്. ആര്. ടി. സി സര്‍വീസ് നടത്തും.ശബരിമലയില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് തമിഴ്നാട്ടില്‍ വ്യാപക പ്രചാരണം നല്‍കിയതായി തമിഴ്നാട് ദേവസ്വം മന്ത്രി സെവ്വൂര്‍ രാമചന്ദ്രന് അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍, തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി വിക്രം കപൂര്‍, കര്‍ണാടക ദേവസ്വം സെക്രട്ടറി മഹേശ്വര റാവു, തെലങ്കാന സെക്രട്ടറി അനില്‍കുമാര്‍, ആന്ധ്രപ്രദേശ് സെക്രട്ടറി ശിരിജ ശങ്കര്‍, പോണ്ടിച്ചേരി സെക്രട്ടറി മഹേഷ് എന്നിവര്‍ സംബന്ധിച്ചു.