കൊച്ചി : കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എൻഫോഴ്സ്മെന്റ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ശിവശങ്കറിന് ഒപ്പമാകും ചോദ്യം ചെയ്യുക. ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇഡി കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മൂന്നാം ദിനവും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് ജയിലിൽ കഴിയുന്ന മറ്റു മൂന്ന് പ്രതികളെകൂടി കസ്റ്റഡിയിൽ വാങ്ങി ശിവശങ്കറിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ മൊഴിയെടുക്കാൻ മൂന്ന് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മൂന്ന് ദിവസത്തേയ്ക്ക് പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എൻഫോഴ്സ്മെന്റ് അപേക്ഷയും സമർപ്പിച്ചു. ശിവശങ്കറിനെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചു. പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. എൻഫോഴ്സ്മെൻ്റിൻ്റെ അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.