കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾക്ക് വേദിയൊരുക്കിയ ആഘോഷത്തിൽ നൃത്തം, ഗാനാലാപനം, പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. കുട്ടികളുടെ അവതരണങ്ങൾ സദസ്സിന്റെ കൈയടി നേടി.

ചിൽഡ്രൻസ് പാർലമെന്റ് പ്രൈം മിനിസ്റ്റർ കുമാരി ജസീക്ക പ്രിൻസ് സ്വാഗതം ആശംസിച്ചു. ചിൽഡ്രൻസ് വിംഗ് കൺവീനർ ജിബി ജോൺ അധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ആഘോഷം ഉദ്ഘാടനം ചെയ്തു.
കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഷാൻ, സെക്രട്ടറി വി. എം. പ്രമോദ്, ചിൽഡ്രൻസ് വിംഗ് കോർഡിനേറ്റർമാരായ ജോസ് മങ്ങാട്, ജ്യോതി പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. ചിൽഡ്രൻസ് പാർലമെന്റ് അംഗം സൗരവ് സന്തോഷ് നന്ദി പറഞ്ഞു. കുമാരി ധ്രുവ് ദേവ് അവതാരകയായി.

പരീക്ഷാക്കാലത്തെ തിരക്കുകൾക്കിടയിലും കുട്ടികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിക്ക് മികവേകി. കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയ്ക്ക് പ്രോത്സാഹനം നൽകാനും വരും ദിവസങ്ങളിലും വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുമെന്ന് ചിൽഡ്രൻസ് പാർലമെന്റ് ഭാരവാഹികൾ അറിയിച്ചു.

