ബഹ്റൈൻ: സിറോ മലബാർ സൊസൈറ്റി ബഹ്റൈൻ (SYMS) 2026–2027 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിലവിൽ വന്നത്.
ഷാജി സെബാസ്റ്റ്യൻ പ്രസിഡന്റായും ജെയ്സൺ മഞ്ഞളി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. റോയ് ഫ്രാൻസിസ് ദാസ് വൈസ് പ്രസിഡന്റും, ജോമി സി. ആന്റണി ഫിനാൻസ് സെക്രട്ടറിയും, ജോസ് ചാലിശ്ശേരി അസിസ്റ്റന്റ് സെക്രട്ടറിയും, ലൈജു തോമസ് അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറിയുമായി ചുമതലയേൽക്കും.
മോൻസി മാത്യുവാണ് മെമ്പർഷിപ്പ് സെക്രട്ടറി. അരുൺ കൈതാരത്ത് സ്പോർട്സ് സെക്രട്ടറിയായും അജീഷ് തോമസ് എന്റർടൈൻമെന്റ് സെക്രട്ടറിയായും റാഫി തോമസ് ഐ.ടി. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ബോബൻ ജോസഫാണ് ഇന്റേണൽ ഓഡിറ്റർ.
സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് വാർഷിക റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ആക്ടിങ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ വർഷം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ബഹ്റൈൻ മന്ത്രാലയങ്ങൾക്കും സംഘടനകൾക്കും അംഗങ്ങൾക്കും പ്രസിഡന്റ് പി.ടി. ജോസഫ് നന്ദി രേഖപ്പെടുത്തി. മുൻ പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, ബെന്നി വർഗീസ്, സീനിയർ അംഗം വർഗീസ് കാരക്കൽ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.
എല്ലാ അംഗങ്ങളുടെയും തുടർന്നുള്ള പിന്തുണയും സഹകരണവും നിയുക്ത പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു. റിട്ടേണിങ് ഓഫീസർ പോൾ കെ. ആന്റണിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

