
മനാമ: ഇറാഖില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് കുവൈത്തിന്റെ രണ്ട് വടക്കന്‍ കര അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും രാജ്യം കണക്കാക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്തിനോട് ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പരമാധികാരവും പ്രദേശിക സമഗ്രതയും ഉള്‍പ്പെടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.


