
മനാമ: ബഹ്റൈനില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഏഷ്യക്കാരനായ യുവാവിന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ പീഡനത്തിനിരയായ യുവതിയെ നാട്ടിലേക്കയയ്ക്കാനുള്ള ചെലവ് ഇയാളില്‍നിന്ന് ഈടാക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വീട്ടുജോലിക്കെന്നു പറഞ്ഞാണ് ഏഷ്യക്കാരിയായ യുവതിയെ 36കാരനായ പ്രതി നാട്ടില്‍നിന്ന് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്റൈനിലെത്തിയ ശേഷം 24കാരിയായ വേലക്കാരിക്ക് ഇയാളുടെ വീട്ടില്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ആവശ്യമായ സൗകര്യങ്ങളില്ലാത്ത താമസ്ഥലമാണ് യുവതിക്ക് നല്‍കിയത്. കൂടാതെ പ്രതി യുവതിയെ നിര്‍ബന്ധിച്ച് മറ്റു വീടുകളിലേക്കും ജോലിചെയ്യാന്‍ അയച്ചു. യുവതിക്ക് പ്രതിയില്‍നിന്ന് ശാരീരിക പീഡനവും നേരിടേണ്ടിവന്നു.
ശമ്പളം നല്‍കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനും യുവതി ആവശ്യപ്പെട്ടെങ്കിലും പ്രതി അതിനു തയ്യാറായില്ല. യുവതി താമസസ്ഥലത്തിരുന്ന് കരയുന്നതു കേട്ട ഒരു അയല്ക്കാരന് സഹായത്തിനെത്തി. അദ്ദേഹം യുവതിക്ക് ഭക്ഷണവും വെള്ളവും നല്കി. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം അദ്ദേഹം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവതി താമസിച്ചിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് പൂട്ടു പൊളിച്ച് യുവതിയെ രക്ഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


