
മനാമ: ബഹ്റൈനില്‍ ഭിന്നശേഷിക്കാരനില്‍നിന്ന് 25,750 ദിനാര്‍ തട്ടിയെടുത്ത കേസില്‍ ഹോം നഴ്സിന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ തട്ടിയെടുത്ത തുക പ്രതിയില്‍നിന്ന് ഈടാക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാരനെ പരിചരിക്കുന്ന ജോലിയിലായിരുന്ന വിദേശിയായ നഴ്സ് അദ്ദേഹത്തിന്റെ ഫോണ്‍ കൈക്കലാക്കി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് പല തവണകളായി പണം ബഹ്റൈനിലെ തന്റെ അക്കൗണ്ടിലേക്കും പിന്നീട് നാട്ടിലെ സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു.
2025 സെപ്റ്റംബറിനും ഒക്ടോബറിനുമിടയിലാണ് ഇതു നടന്നത്. ഭിന്നശേഷിക്കാരന്റെ മകന് ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി 3,500 ദിനാര്‍ തിരികെ നല്കി. എന്നാല്‍ ബാക്കി നല്‍കാനായില്ല. ഇതിനെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരന്റെ മകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ
അറസ്റ്റ് ചെയ്തത്.


