
ഗൾഫ് പ്രദേശത്തെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാതൊരു അടിയന്തര മാർഗവും ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വളരെ പരിമിതമായ സാമ്പത്തിക ശേഷിയുള്ള ട്രാൻസിറ്റ് യാത്രക്കാരും, അടിയന്തര ചികിത്സ ആവശ്യമായ രോഗികളും, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടിവരുന്നവരും ഇവരിൽ ഉൾപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ലഭ്യമായ ഏക മാർഗം സൗദി അറേബ്യ വഴിയുള്ള യാത്രയാണ്. എന്നാൽ സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള നടപടികൾ അതീവ ബുദ്ധിമുട്ടേറിയതായതിനാൽ അവരുടെ യാത്ര പ്രായോഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നിരവധി ഇന്ത്യൻ പൗരന്മാർ അനിശ്ചിതത്വത്തിലും ഗുരുതരമായ ബുദ്ധിമുട്ടുകളിലും കഴിയുകയാണ്.
ഇതോടൊപ്പം ഗൾഫ് മേഖലയിലെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും സമാന ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം യാത്രാ തടസ്സങ്ങളും അനിശ്ചിതത്വവും നേരിടുന്ന ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി ഏറെ ദുരിതപൂർണ്ണമാണ് . ഗൾഫ് മേഖലയിൽ വലിയ തോതിൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഷയം അതീവ ഗൗരവമുള്ള മാനവിക പ്രശ്നമായി മാറുന്നു.
അതിനാൽ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, ലോക്സഭ ഈ വിഷയം
ചർച്ച ചെയ്യുകയും, ബഹ്റൈനിലും മറ്റ് ജിസിസി രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും വേഗത്തിലുള്ള മടക്കയാത്രയും ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തരമായി നയതന്ത്രബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇടപെടലുകൾ നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.


