
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യം ശേഖരിച്ച് തള്ളിയത് ഇഞ്ചക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലത്തെന്ന് പരാതി. പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമടക്കം ഇഞ്ചയ്ക്കലുള്ള കെഎസ്ആർടിസിയുടെ സ്ഥലത്തേക്ക് തള്ളുകയായിരുന്നെന്നാണ് പരാതി. വിവിധ സ്ഥലങ്ങളിൽ നിന്നും പൊങ്കാലയ്ക്കെത്തിയവർ നഗരത്തിലുപേക്ഷിച്ച മാലിന്യം തരം തിരിക്കാതെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ലോറികളിൽ തള്ളിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സമീപത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കെഎസ്ആർടിസിയുടെ സ്ഥലത്ത് ഒരു മൂലയിലായി മാലിന്യം തള്ളിയതായി കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയുടെ മറവിൽ ലോറികളിൽ ടൺ കണക്കിന് മാലിന്യമാണ് തള്ളിയതെന്നും അടിയന്തരമായി ഇത് നീക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സ്ഥലത്ത് സന്ദർശനം നടത്തിയ സിപിഎം നേതാക്കൾ പറഞ്ഞു.
പൊങ്കാല കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ട ശേഷവും ക്ഷേത്രപരിസരത്തെ മാലിന്യം നീക്കം നടന്നിട്ടില്ലെന്ന് പരാതി ഉയർന്ന് പിന്നാലെയാണ്, നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യം കെഎസ്ആർടിസിയുടെ സ്ഥലത്ത് തള്ളിയെന്ന പരാതിയും ഉയരുന്നത്. ക്ഷേത്രപരിസരത്ത് നിന്ന് നീക്കിയ മാലിന്യം ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും പ്ലാസ്റ്റിക് ഉൾപ്പടെ മണ്ണിട്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഭരണ സൗകര്യാര്‍ഥം പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്. മാലിന്യം നീക്കാൻ സിപിഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.


